റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ദുബൈയില്‍ നിന്ന് ബ്രിട്ടനിലെത്തിയത്.

ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം ഉണ്ടായത്.

റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ദുബൈയില്‍ നിന്ന് ബ്രിട്ടനിലെത്തിയത്. കടലില്‍ നീന്താനിറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെടുകയായിരുന്നെന്നാണ് വിവരം. കടലിലിറങ്ങിയ രാകേഷിനെ ഏറെ സമയമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വെച്ചു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡെത്തി നടത്തിയ തെരച്ചിലിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബൈയിലെ റാഷിദ് ആശുപത്രിയിലുള്‍പ്പെടെ രാകേഷ് ജോലി ചെയ്തിട്ടുണ്ട്. പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് രാകേഷ് നിലവില്‍ ജോലി ചെയ്തിരുന്നത്. ഹോമിയോപ്പതി ഡോക്ടറായ ഷാരോണാണ് ഇദ്ദേഹത്തിന്റെ ഭാര്യ.