Asianet News MalayalamAsianet News Malayalam

സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ചുകൊന്ന മലയാളിക്ക് സൗദി അറേബ്യയില്‍ ശിക്ഷ വിധിച്ചു

2015ലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ആദര്‍ശ് ആദ്യമായി സൗദിയിലെത്തി രണ്ടാഴ്ചക്കുള്ളിലായിരുന്നു കൊലപാതകം. 

keralite expat sentenced in Saudi Arabia for murdering Nepali citizen
Author
Riyadh Saudi Arabia, First Published Dec 6, 2019, 5:36 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഒപ്പം ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് ശിക്ഷ വിധിച്ചു. കായംകുളം മുതുകുളം സ്വദേശി ആര്‍ശ് (29)നാണ് അല്‍ ഹസ അപ്പീല്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കൃഷിസ്ഥലത്ത് ഒപ്പം ജോലിയ്തിരുന്നയാളെ ആദര്‍ശ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം ഡീസല്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തുവെന്നാണ് കേസ്.  ജയില്‍ ശിക്ഷയ്ക്ക് പുറമെ രണ്ട് ലക്ഷം റിയാല്‍ (38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മരിച്ചയാളുടെ കുടുംബത്തിന് ബ്ലഡ് മണിയും നല്‍കണം.

2015ലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ആദര്‍ശ് ആദ്യമായി സൗദിയിലെത്തി രണ്ടാഴ്ചക്കുള്ളിലായിരുന്നു കൊലപാതകം. നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ സിം കാര്‍ഡ് ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഒപ്പമുണ്ടായിരുന്ന നേപ്പാളി പൗരന്റെ ഫോണില്‍ നിന്നായിരുന്നു വിളിച്ചിരുന്നത്. രണ്ട് ദിവസം ഇയാള്‍ ഫോണ്‍ നല്‍കിയില്ല. ഫോണ്‍ ചോദിച്ചപ്പോള്‍ മുഖത്ത് അടിക്കുകയും ചെയ്തു. ഇതിന്റെ ദേഷ്യത്തിലാണ് നേപ്പാള്‍ പൗരനെ പിന്തുടര്‍ന്ന് ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചത്. ബോധരഹിതനായി നിലത്തുവീണ ഇയാളെ തൊട്ടടുത്തുള്ള തമ്പിലേക്ക് വലിച്ചുകൊണ്ടുപോയി ഡീസല്‍ ഒഴിച്ച് കത്തിച്ചു. ശേഷം ആദര്‍ശ് അടുത്തുള്ള മറ്റൊരു തമ്പിലേക്ക് പോയി. തീ പടരുന്നത് കണ്ട് ഓടിയെത്തിയ സ്വദേശി പൗരനാണ് പൊലീസിനെ അറിയിച്ചത്.

ആദ്യമായി വിദേശത്തേക്ക് വന്ന ആദര്‍ശിന് വിഭ്രാന്തിയുണ്ടായിരുന്നതിന് പുറമെ നിയമങ്ങളെക്കുറിച്ചും അജ്ഞനായിരുന്നു. നേപ്പാള്‍ പൗരന് വേണ്ടി നേപ്പാള്‍ എംബസിയാണ് കേസ് നടത്തിയത്. ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ കൊണ്ട് രണ്ട് വര്‍ഷം ഇളവ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കൊലപാതകം നടന്നതുമുതല്‍ ജയിലില്‍ കഴിയുന്നതിനാല്‍ ഏതാനും മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയും പൂര്‍ത്തിയാവും. ബ്ലഡ് മണി നല്‍കിയാല്‍ ജയില്‍ മോചിതനാവാമെങ്കിലും അതിന് നിവൃത്തിയില്ലാത്ത അവസ്ഥയിലാണിപ്പോള്‍. 

Follow Us:
Download App:
  • android
  • ios