Asianet News MalayalamAsianet News Malayalam

Gulf News : തൊഴിലുടമ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ പ്രവാസി വനിതയ്‍ക്ക് സാമൂഹിക പ്രവർത്തകർ തുണയായി

മകള്‍ മരിച്ചപ്പോള്‍ പോലും നാട്ടില്‍ പോകാന്‍ അനുവദിച്ചില്ല. ഹൃദ്രോഗിയായപ്പോള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് മടങ്ങി. ദുരിതപര്‍വം താണ്ടിയ പ്രവാസി വനിത ഒടുവില്‍ നാടണഞ്ഞത് സുമനസുകളുടെ കാരുണ്യത്താല്‍

Keralite expat woman who stranded in saudi arabia returned home with the help of social workers
Author
Riyadh Saudi Arabia, First Published Dec 11, 2021, 11:44 AM IST

റിയാദ്: ഹൃദ്രോഗത്തെ (Heart diseases) തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് തൊഴിലുടമ (Sponsor) തിരിഞ്ഞു നോക്കാതെ ഉപേക്ഷിച്ച മലയാളി വീട്ടുജോലിക്കാരിക്ക് (Malayali housemaid)  സാമൂഹിക പ്രവർത്തകർ (Social workers) തുണയായി. തിരുവനന്തപുരം കുളത്തൂർ മൺവിള ലക്ഷംവീട് കോളനിയിൽ താമസക്കാരിയായ ലത്തീഫാ ബീവിയാണ് (59) ഈ ഹതഭാഗ്യ. ദമ്മാമിലെ നവയുഗം (Navayugam Saamskaarika Vedi Dammam) ജീവകാരുണ്യവിഭാഗത്തിന്റെ സമയോചിതമായ ഇടപെടലാണ് ഇവർക്ക് രക്ഷയായത്. നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അവർ നാട്ടിലേക്ക് മടങ്ങി. 

രോഗിയായ ഭർത്താവിന് ഒരു ശസ്ത്രക്രിയയെ തുടർന്ന് ജോലി ചെയ്യാനാവാതെ വന്നപ്പോഴാണ് ലത്തീഫ വീട്ടുജോലിക്ക് സൗദിയിലെത്തിയത്. 13 വർഷമായി അൽഅഹ്സയിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അവർ. അടുത്തിടെ നാട്ടിൽ മകൾ അസുഖബാധിതയായി മരിച്ചു. എന്നിട്ടും സ്‍പോൺസർ അവരെ നാട്ടിൽ അയക്കാൻ തയാറായില്ല. ഇത് മൂലവും മറ്റും ലത്തീഫ ബീവി അവശയായി. ഒരു ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‍പോൺസർ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഹൃദയത്തിലെ മൂന്ന് വാല്‍വുകൾക്ക് തടസം ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ ഡോക്ടർ ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിച്ചു. 

തുടർന്ന് സ്‍പോൺസർ അമീർ സുൽത്താൻ ഹൃദ്രോഗ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ, ഇനി ജോലി ചെയ്യിപ്പിക്കരുതെന്നും ഒരുമാസം വിശ്രമം വേണമെന്നും അതിന് ശേഷം നാട്ടിൽ അയക്കണമെന്നുമായിരുന്നു ഡോക്ടർ നിർദേശിച്ചിരുന്നത്. ലത്തീഫ ബീവിയെക്കൊണ്ട് ഇനി ജോലി എടുപ്പിക്കാൻ കഴിയില്ലെന്നും നാട്ടിലേക്ക് അയക്കേണ്ടി വരുമെന്നും മനസിലായ സ്‍പോൺസർ പിന്നീട് ആശുപത്രിയിൽ വരികയോ, അവരെ തിരിഞ്ഞു നോക്കുകയോ ചെയ്‍തില്ല. ചികിത്സ പൂർത്തിയായിട്ടും സ്‍പോൺസർ തിരിഞ്ഞു നോക്കാഞ്ഞതിനാൽ ഡിസ്ചാർജ്ജ് ചെയ്യാൻ പോലും കഴിഞ്ഞില്ല. അങ്ങനെ ആരും നോക്കാനില്ലാതെ അനാഥയായി ആശുപത്രിയിൽ കഴിയേണ്ടി വന്നു. 

ഈ വിവരം അറിഞ്ഞ നാട്ടിലുള്ള ബന്ധുക്കൾ, കൊല്ലത്തുള്ള ഇമാമുദ്ദീൻ മൗലവി വഴി അൽഅഹസയിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ സിയാദ് പള്ളിമുക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയായിരുന്നു. സിയാദ് പള്ളിമുക്ക്, സാമൂഹികപ്രവർത്തകനായ മണി മാർത്താണ്ഡത്തിനൊപ്പം ആശുപത്രിയിലെത്തി ലത്തീഫ ബീവിയെ സന്ദർശിക്കുകയും അവസ്ഥ ചോദിച്ചറിഞ്ഞ് വേണ്ട നിയമസഹായങ്ങൾ വാഗ്ദാനം ചെയ്യുകയും അത്യാവശ്യ വസ്‍തുക്കളും ഭക്ഷണവും എത്തിച്ചു കൊടുക്കുകയും ചെയ്തു. അതോടെ ഈ കേസ് നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു. 

സിയാദും മണിയും ലത്തീഫ ബീവിയുടെ സ്‍പോൺസറുമായി ചർച്ചകൾ നടത്തിയെങ്കിലും അയാൾ സഹകരിക്കാൻ തയാറായില്ല. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ലത്തീഫ ബീവിയെക്കൊണ്ട് സ്‍പോൺസർക്കെതിരെ ലേബർ കോടതിയിൽ പരാതി കൊടുപ്പിച്ചു. സ്‌പോൺസറോട് അവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യിച്ചു ഹാജരാക്കാൻ കോടതി നിർദേശിച്ചു. എത്രയും പെട്ടെന്ന് ലത്തീഫ ബീവിയെ എല്ലാ കുടിശ്ശികകളും കൊടുത്തു നാട്ടിലേക്ക് കയറ്റി വിടണമെന്ന് കോടതി ഉത്തരവിട്ടു. കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും ഫൈനൽ എക്സിറ്റ് വിസയും വിമാന ടിക്കറ്റും നൽകിയെങ്കിലും കുപിതനായ സ്പോൺസർ വീട്ടിൽ തിരികെ എത്തിയ ഉടനെ തന്നെ വീട്ടിൽ നിന്നും പുറത്തു പോകണമെന്ന് പറഞ്ഞ് അവരുടെ സാധനങ്ങൾ എടുത്ത് റൂമിന് പുറത്തേയ്ക്ക് എറിഞ്ഞു. 

വിവരമറിഞ്ഞെത്തിയ സിയാദും നവയുഗം പ്രവർത്തകരും അവരെ നവയുഗം ആക്റ്റിങ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടന്റെ ദമ്മാമിലെ വീട്ടിൽ എത്തിച്ചു. അവിടെ താമസിപ്പിച്ചു പരിചരിച്ചു. ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ലത്തീഫ ബീവി നാട്ടിലേക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios