റിയാദ്: പുനലൂർ സ്വദേശി കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു. കാര്യറ, തൂമ്പറ സ്വദേശി വട്ടയത്ത് അമീർ ഖാൻ (45) ആണ് സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ മരിച്ചത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചികിത്സയിലായിരിക്കെയാണ് ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ചത്.  യാംബുവിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. 

നേരത്തെ ജുബൈലിൽ കുറച്ചുകാലം ജോലി ചെയ്തിരുന്ന അമീർ ഒമ്പത് വർഷമായി യാംബുവിലാണ്. അവധിയിൽ നാട്ടിൽ പോയ ശേഷം ജനുവരി 14 നാണ് തിരിച്ചെത്തിയത്. പിതാവ്: ശാഹുൽ ഹമീദ് റാവുത്തർ, മാതാവ്: ഫാത്വിമ ബീവി, ഭാര്യ: ഷംല, മക്കൾ: ഷംസിയ, അൽസാമിൽ, സഹൽ മുഹമ്മദ്. മൂന്ന് ദിവസം പ്രായമുള്ള ഒരു മകനും ഉണ്ട്. സഹോദരങ്ങൾ: സൈൻ റാവുത്തർ, ശരീഫ് റാവുത്തർ, അബ്ബാസ് റാവുത്തർ (യാംബു), ആമിന ബീവി, സബീല ബീവി, റഷീദ ബീവി.