ഷാര്‍ജ: ഒരാഴ്ച മുമ്പാണ് ഷാര്‍ജയില്‍ 10 വയസ്സുകാരന്‍ ഡേവിഡ് മരിക്കുന്നത്. നാട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അന്ത്യചുംബനം നല്‍കാന്‍ പ്രവാസികളായ മാതാപിതാക്കള്‍ ഷാനി ദേവസ്യയും ഷീബയും എത്തിയില്ല. പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ വേദനയോടെ അവര്‍ കണ്ടത് സാമൂഹിക മാധ്യമത്തിലൂടെ.

കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദുബായില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് കാര്‍ഗോ വിമാനത്തില്‍ ഡേവിഡിന്റെ മൃതദേഹവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. വൈകിട്ട് 5.45ന് കിളിയന്തറയിലെ വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറിനുള്ളില്‍ സംസ്‌കരിച്ചു. 

മൃതദേഹത്തെ അനുഗമിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ പിതാവ് കിളിയന്തറ പുന്നയ്ക്കല്‍ ഷാനി ദേവസ്യയും അമ്മ ഷീബ ഐസകും സഹോദരി മരിയയും സാമൂഹിക മാധ്യമത്തിലൂടെയാണ് സംസ്‌കാര ചടങ്ങുകള്‍ കണ്ടത്. 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്.