റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന തൃശൂർ വലപ്പാട് സ്വദേശി വെന്നിക്കൽ അപ്പുക്കുട്ടൻ മകൻ രാജേഷിന്റെ (49) മൃതദേഹമാണ് നാട്ടിൽ കൊണ്ടുപോയത്. 

റിയാദിലെ അൽയമാമ കോൺട്രാക്ടിങ് കമ്പനിയിൽ ഓട്ടോകാഡ് ഓപറേറ്റായിരുന്നു. സുഖമില്ലാത്തതിനാൽ പ്രവാസം അവാസാനിപ്പിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനായി ഫൈനൽ എക്സിറ്റ് വിസ ലഭിക്കുകയും വിമാന ടിക്കറ്റെടുക്കുകയും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഡ്രസ് ചെയ്യുന്നതിനിടെയാണ് ഫെബ്രുവരി 13ന് റിയാദിലെ താമസസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണ് മരിച്ചത്. 

ഭാര്യ: രമ്യ, മക്കൾ: ഋത്വിക, രോഹിത്ത്. മൃതദേഹം നട്ടിൽ എത്തിക്കാൻ വലപ്പാട് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് നാസർ വലപ്പാട്, സെക്രട്ടറി ആഷിക്ക് വലപ്പാട്, വേൾഡ് മലയാളി ഫഡറേഷൻ ജീവകാരുണ്യ പ്രവത്തകൻ രാജു പാലക്കാട്, ബന്ധുക്കളായ മുരളി വലപ്പാട്, ഒ.എസ്. സൻജു, സുഹൃത്തുക്കളായ ഷഫീക്ക്, കൊല്ലം ഷരിഫ്, സുരേഷ് ശങ്കർ എന്നിവർ നേതൃത്വം നൽകി.