റിയാദ്​: മലയാളി യുവാവ്​ കൊവിഡ്​ ബാധിച്ച്​ ജിദ്ദയിൽ മരിച്ചു. മലപ്പുറം കീഴിശ്ശേരി കുഴിമണ്ണ മലയിൽ തച്ചപ്പറമ്പൻ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് ജിദ്ദ അമീർ ഫവാസിലുള്ള അൽസാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അതിനിടക്ക് ശ്വാസതടസ്സം നേരിട്ട് മരിക്കുകയായിരുന്നു. 

ഹയ്യുൽ ആദിൽ എന്ന സ്ഥലത്ത് സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ല. ഉടൻ നാട്ടിൽ അവധിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതനാണ്. പിതാവ്: ഉമർ, മാതാവ്: ഖദീജ. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.