റിയാദ്​: തൊഴിൽ വിസയിലെത്തിയെങ്കിലും ലോക്​ ഡൗൺ കാരണം ജോലിയിൽ കയറാനാവാതെ നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം മണപ്പള്ളി കൊച്ചയ്യത്ത് അനിൽകുമാർ തങ്കപ്പൻ (54) ആണ്​ മരിച്ചത്​. 

ഹൗസ് ഡ്രൈവർ വിസയിലാണ് ഇദ്ദേഹം ദമ്മാമിൽ എത്തിയത്​. അപ്പോഴേക്കും കൊവിഡ്​ മൂലം രാജ്യത്ത്​ ലോക്​ ഡൗൺ വന്നു. ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് എക്സിറ്റ് അടിച്ച പാസ്‍പോർട്ട്​ കഴിഞ്ഞ ദിവസം സ്പോൺസറിൽ നിന്നും ലഭിച്ചു. അടുത്ത് തന്നെ നാട്ടിലേക്കുപോകാനുള്ള ഒരുക്കത്തിനിടയിലാണ് കഴിഞ്ഞ ദിവസം ഉറക്കത്തിൽ അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. 

ഭാര്യയും ഒരു മകളും മകനുമുണ്ട്. മകൻ അഖിൽ റിയാദിൽ ജോലിചെയ്യുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ദമ്മാം നവോദയ സാംസ്കാരിക വേദിയുടേയും  ലോക കേരളസഭാംഗം നാസ് വക്കത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.