റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകിട്ട് ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്മാമിലെ ഒരു പ്രമുഖ മാന്‍പവര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 12 വര്‍ഷമായി പ്രവാസിയാണ്. അച്ഛന്‍: ദാമോദരന്‍, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. ആര്യ ഏക മകളാണ്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി.

അതേസമയം 59 മലയാളികളടക്കം ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 541ലെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5,204 പേരില്‍ പുതിയതായി വൈറസ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 96,708ആയി. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍വന്നു.