ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു. രണ്ടാഴ്ച മുമ്പ് ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരിക്കെ താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം മരിച്ചത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ മരിച്ചു. മഞ്ചേശ്വരം ഹോസങ്കടി സ്വദേശി കൊമ്മറ ഹൗസിൽ അക്ബർ മുഹമ്മദ് (53) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരിക്കെ താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം മരിച്ചത്.
25 വർഷത്തിലേറെയായി അൽഖോബാറിൽ പുസ്തകശാല നടത്തിവരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിന് തത്കാൽ സംവിധാനത്തിൽ പാസ്പോർട്ട് പുതുക്കുന്നതിനായി ഞായറാഴ്ച നേരിട്ട് റിയാദ് എംബസിയിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയിലാണ് ഇദ്ദേഹം മരിച്ചത്. വി.എഫ്.എസിൽ നിന്നും അപ്പോയ്മെൻ്റ് തീയതി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാനാവാതെ നീണ്ടുപോവുകയായിരുന്നു. മുഹമ്മദ്, ആയിഷാമ്മ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി അൽഖോബാർ കമ്മിറ്റി പ്രസിഡൻ്റ് ഇഖ്ബാൽ ആനമങ്ങാട് നേതൃത്വം നൽകി വരുന്നു.


