കൊല്ലം: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശിയെ കാണാതായി. റിയാദിലെ അസീസിയ പച്ചക്കറി മാര്‍ക്കറ്റില്‍  ജോലിചെയ്യതിരുന്ന കരുനാഗപ്പള്ളി സ്വദേശി താജുദ്ദീനെ കഴിഞ്ഞ മെയ് 15 മുതലാണ് കാണാതായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് താജുദ്ദീന്‍ നാട്ടില്‍ നിന്നും സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോയത്. റിയാദിലെ പച്ചക്കറിമാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്ന അദ്ദേഹം സഹോദരനും അടുത്തബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു താമസം. ഇവരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൊട്ടുപിന്നാലെ  മെയ് 12ന് താജുദ്ദീനും രോഗം കണ്ടെത്തി. മറ്റൊരു മുറിയിലേക്ക് മാറാന്‍ തിരുമാനിച്ച ശേഷം മെയ് 15മുതല്‍ താജുദ്ദീനെ കാണാതാവുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. സൗദി അറേബ്യയിലുള്ള അടുത്ത ബന്ധുക്കളും പ്രവാസിസംഘടനകളും വിവിധ സ്ഥലങ്ങളില്‍ അന്വേഷണം തുടരുകയാണ്

ഭാര്യ ഷംനയും രണ്ട് മക്കളും താജുദ്ദീന്‍ മടങ്ങിവരുമെന്നുള്ള പ്രതീക്ഷയിലാണ്. മിക്കദിവസവും ഇവര്‍ താജുദ്ദീനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും  ഷംന നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ബന്ധു സൗദിഅറേബ്യയില്‍ വച്ച് കൊവിഡ് ബാധിച്ച് മരിച്ചത്  താജുദ്ദീനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ഒപ്പമുള്ളവര്‍ പറയുന്നു.