Asianet News MalayalamAsianet News Malayalam

ചികിത്സക്കിടെ ശരീരം തളര്‍ന്ന പ്രവാസി യുവാവിനെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു

മെയ് 18നാണ് ഹാബിയെ കോവിഡ് ലക്ഷണങ്ങളോടെ റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് എക്‌സിറ്റ് 14 ലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കോവിഡ് ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും സിപിആര്‍ നല്‍കുകയും ചെയ്തു. അതിനിടെയാണ് ശരീരം തളര്‍ന്നത്. 

keralite expatriate who went critically ill in saudi arabia brought back to kerala
Author
Riyadh Saudi Arabia, First Published Jul 10, 2020, 6:42 PM IST

റിയാദ്​: കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും ശരീരം തളരുകയും ചെയ്ത മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്​ മലപ്പുറം ചെമ്മാട് സ്വദേശി സി.പി. മുസ്തഫയുടെ മകന്‍ ഫാബി മുസ്തഫയെയാണ് വ്യാഴാഴ്ച റിയാദില്‍ നിന്ന് പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. 

ഡല്‍ഹിയിലെ യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ കമ്പനിയുടെ ലിര്‍ജെറ്റ് 45 വിമാനം ഉച്ചക്ക് 12 മണിക്കാണ് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ഹാബിയുമായി പുറപ്പെട്ടത്. രാത്രി എട്ടരയോടെ കരിപ്പൂരിലെത്തുകയും ചെയ്തു. ബന്ധുക്കളായ അന്‍സാഫ്, 
ഹബീബ, നാട്ടില്‍ നിന്നെത്തിയ മെഡിക്കല്‍ സ്റ്റാഫായ ഡോ. നരേഷ് നാഗ്പാല്‍, മുഹമ്മദ് ഫര്‍യാദ് എന്നിവരാണ് ഹാബിയെ ആംബുലന്‍സില്‍ അനുഗമിച്ചത്.  സി.പി മുസ്തഫയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അല്‍സമീര്‍ പോളിക്ലിനിക്കിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജറായിരുന്നു ഹാബി.

മെയ് 18നാണ് ഹാബിയെ കോവിഡ് ലക്ഷണങ്ങളോടെ റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് എക്‌സിറ്റ് 14 ലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കോവിഡ് ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും സിപിആര്‍ നല്‍കുകയും ചെയ്തു. അതിനിടെയാണ് ശരീരം തളര്‍ന്നത്. വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 40 ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. പിന്നീട് 10 ദിവസം ആസ്റ്റര്‍ സനദ് ആശുപത്രിയിലും ചികിത്സ നല്‍കി. 


കരിപ്പൂരില്‍ ബന്ധുക്കളായ സി.പി ഇബ്രാഹീം, കൊട്ടന്‍കാവില്‍ ശംസു എന്നിവരാണ് സ്വീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഷ്‌റഫ് വേങ്ങാട്ട്, ഷാഹിദ് മാസ്റ്റര്‍, സിദ്ദീഖ് തുവ്വൂര്‍, സി.പി അഷ്‌റഫ്, പി.സി മജീദ്, അഷ്‌റഫ് പരതക്കാട്, ഇബ്രാഹീം, സുഫ്‌യാന്‍ പ്രിന്‍സ് മുഹമ്മദ് ആശുപത്രി, സുജിത്ത് സനദ് ആശുപത്രി, നാസര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios