Asianet News MalayalamAsianet News Malayalam

കൊവിഡ് മൂലം നാട്ടിലെത്താനായില്ല; മലയാളിയുടെ വിവാഹം ഓണ്‍ലൈന്‍ വഴി, എല്ലാ ചെലവുകളും വഹിച്ചത് സൗദി കുടുംബം

സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശിയുടെ വീട്ടിലെ ഹൗസ് ഡ്രൈവറാണ് തസ്ലീം. നാലുവര്‍ഷമായി ഇവിടെയെത്തിയിട്ട്. വീടിനോട് ചേര്‍ന്നുള്ള ഒരു മുറിയിലാണ് താമസം. ഒന്നര വര്‍ഷ മുമ്പാണ് തസ്‍ലീം നാട്ടിലെത്തിയത്.

keralite expats wedding in Riyadh through online and saudi family sponsored expenses
Author
Riyadh Saudi Arabia, First Published Oct 31, 2020, 8:07 PM IST

റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി നീണ്ടതിനെ തുടര്‍ന്ന് മലയാളിയുടെ വിവാഹം നടന്നത് ഓണ്‍ലൈന്‍ വഴി. സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് നടന്ന നിക്കാഹിന്റെ എല്ലാ ചെലവുകളും വഹിച്ചത് സ്‌പോണ്‍സറായ സൗദി കുടുംബം.

മലപ്പുറം വളാഞ്ചേരി സ്വദേശിയായ തസ്‍ലീമിന്റെയും കാടാമ്പുഴ സ്വദേശി അസ്മയുടെയും നിക്കാഹാണ് റിയാദില്‍ നടന്നത്. സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശിയുടെ വീട്ടിലെ ഹൗസ് ഡ്രൈവറാണ് തസ്ലീം. നാലുവര്‍ഷമായി ഇവിടെയെത്തിയിട്ട്. വീടിനോട് ചേര്‍ന്നുള്ള ഒരു മുറിയിലാണ് താമസം. ഒന്നര വര്‍ഷ മുമ്പാണ് തസ്‍ലീം നാട്ടിലെത്തിയത്. അന്ന് വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് കൊവിഡ് പ്രതിസന്ധി തടസ്സമായതോടെ നാട്ടിലെത്താന്‍ സാധിച്ചില്ല. 

തുടര്‍ന്ന് നിക്കാഹ് ഓണ്‍ലൈന്‍ വഴി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഹോട്ടലില്‍ വെച്ച് നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെ ചടങ്ങുകള്‍ നടത്തി. കല്യാണ പുടവ വാങ്ങി നല്‍കിയത് സ്വദേശിയുടെ മാതാവ് ആയിരുന്നു. സ്‌പോണ്‍സറായ സ്വദേശി തന്നെയാണ് എല്ലാ വിധ സജ്ജീകരണങ്ങള്‍ ഒരുക്കിയതും ചെലവുകള്‍ വഹിച്ചതും. ഓണ്‍ലൈന്‍ വഴി നടന്ന നിക്കാഹ് ഖുത്ബക്ക് ശേഷം വധു അസ്മയ്ക്കുള്ള മഹര്‍, അബഹയില്‍ നിന്നെത്തിയ അസ്മയുടെ പിതാവ് ഏറ്റുവാങ്ങി. പിന്നീട് സൗദി രീതിയില്‍ തന്നെ ഭക്ഷണവും ഒരുക്കിയിരുന്നു. തസ്‍ലീമിനെ മകനെ പോലെ കാണുന്ന സ്‌പോണ്‍സറുടെ സ്‌നേഹം എല്ലാവരുടെയും മനസ്സ് നിറച്ചു. 

Follow Us:
Download App:
  • android
  • ios