കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും 700 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ സ്വീകരിച്ചത് ഒരേ രീതി. 

കുവൈത്ത് സിറ്റി: പ്രവാസി മലയാളികളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്. ഇവരില്‍ 700ഓളം പേര്‍ നഴ്‌സുമാരുമാണ്.

വമ്പന്‍ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 2020-22 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പിന് ശേഷം കുവൈത്തില്‍ നിന്ന് മുങ്ങിയ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കടന്നുകളയുകയായിരുന്നു. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴുന്നൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം മുങ്ങിയത്.

വായ്പാ തിരിച്ചടവ് മുടങ്ങിയത് അറിഞ്ഞ ബാങ്ക് അധികൃതര്‍ മൂന്ന് മാസം മുമ്പാണ് തട്ടിപ്പില്‍ 1,400ലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തട്ടിപ്പ് നടത്താന്‍ പ്രതികള്‍ സ്വീകരിച്ചത് വളരെ എളുപ്പവും കേട്ടുപരിചയമുള്ളതുമായ രീതിയാണ്. ഇവരുടേത് വളരെ എളുപ്പമായ മോഡസ് ഓപ്പറാണ്ടി ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാങ്കിന്റെ വിശ്വാസ്ത നേടിയെടുക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്.

ബാങ്കില്‍ നിന്ന് ചെറിയ തുകകള്‍ വായ്പ എടുത്ത ശേഷം ഇവര്‍ കൃത്യമായി തിരികെ അടച്ചിരുന്നു. ലോണുകള്‍ തിരിച്ചടച്ച് ക്രഡിറ്റ് സ്കോറുകൾ ഉയർത്തിയും ബാങ്കിന്റെ വിശ്വാസം നേടിയതിനും ശേഷമാണ് വന്‍ തുക വായ്പയായി എടുത്തതും കുവൈത്തില്‍ നിന്ന് മുങ്ങിയതും. കോടികള്‍ വായ്പയായി എടുത്ത ശേഷം പ്രതികളില്‍ കൂടുതല്‍ പേരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ കുറച്ച് തവണകള്‍ തിരിച്ച് അടച്ച ശേഷം പലപ്പോഴായി ഇവര്‍ രാജ്യം വിട്ടതായാണ് ബാങ്ക് അധികൃതരുടെ പരാതി. അമേരിക്ക, കാനഡ, ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പലരും കുടിയേറിയത്. കുവൈത്തിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ഇവര്‍ വന്‍ തുക ലോണെടുത്തത്. 

ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പിന്‍റെ വിവരം പുറത്തുവരുന്നത്. സംസ്ഥാന പൊലീസ് ഉന്നതരെ കണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അതേസമയം കൊവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും ബാിരുന്നു. വായ്പാ തിരിച്ചടവിൽ ഇളവ് ആവശ്യപ്പെടാനും കൂടുതൽ സമയം ചോദിക്കാനും പ്രതികൾ ശ്രമം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം