അബുദാബി: വീണ്ടും പ്രളയത്തെ നേരിട്ട നാട്ടിലേക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗത. കഴിഞ്ഞ തവണത്തെ സഹായം അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണമാണ് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് കണ്ടെയ്നര്‍ കണക്കിന് അവശ്യ സാധനങ്ങള്‍ നാട്ടിലേക്ക് അയച്ച പ്രവാസികൾ പലരും നൂലാമാലകളിൽ പെട്ട് വലഞ്ഞിരുന്നു. സാധനങ്ങൾ ക്ലിയറൻസ് നടത്താൻ കഴിയാതെ ഗോഡൗണുകളില്‍ കെട്ടിക്കെടന്നതും, സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പ്രവാസികളെ മാസങ്ങളോളം വട്ടംകറക്കിയതുമാണ് പ്രധാന കാരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച കാശ് അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണവും പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. അതുകൊണ്ട് നാട്ടിലെ ക്ലബുകള്‍ക്കും സംഘടനകള്‍ക്കും കാശയച്ച് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഗള്‍ഫ് മലയാളികളെ ബോധ്യപ്പെടുത്തുന്നതില്‍ ലോക കേരള സഭയടക്കം പരാജയപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ നിസംഗത മാറ്റിവച്ച് പ്രവാസികള്‍ സഹായത്തിനായി ഇറങ്ങണം. രാഷ്ട്രീയം പറഞ്ഞ് സമയം കളയുമ്പോള്‍ രണ്ടുലക്ഷത്തോളം വരുന്ന നിരപരാധികളുടെ ജീവനാണ് ഭീഷണി നേരിടുന്നത്.