റിയാദ്: സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി തൊട്ടോളി സ്വദേശി പുതിയ പുരയിൽ ഹസ്സൻകുട്ടി (70) ആണ് ജുബൈലിൽ മരിച്ചത്. രോഗബാധയെ തുടർന്ന് ഒരാഴ്‌ചയായി ജുബൈലിലെ ഒരു ഹോട്ടലിൽ ക്വറൻറീനിൽ ആയിരുന്നു. 

ബുധനാഴ്ച ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മകളും ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ആയിഷ നജിതയോടൊപ്പം താമസിച്ചുവരുകയിരുന്നു. ഭാര്യ: പട്ടുതെരുവ് തുപ്പട്ടി വീട്ടിൽ സൈനബി. സഹീർ (ദുബൈ), നവാസ് (ബഹ്‌റൈൻ) എന്നിവർ മക്കൾ. മരുമക്കൾ: പിഎൻഎ. നിഹാൻ (ജുബൈൽ), വാണിശ്ശേരി പർവീൻ, ഒറ്റിയിൽ ഖദീജ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. അനന്തര നടപടിക്രമങ്ങൾ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചു.