റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതമുണ്ടായിനെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. തെക്കൻ സൗദിയിലെ അൽബാഹയിലായിരുന്നു സംഭവം.  മമ്പാട് പന്തലിങ്ങൽ സ്വദേശി ഹസനുൽ ബന്ന (38) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മാസമായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

അസുഖം ഭേദമായി അവസാന പരിശോധന ഫലം കൊവിഡ് നെഗറ്റീവ് ആയിരുന്നു. ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഹോട്ടലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയാണ് ശനിഴാഴ്ച ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയും ചെയ്തത്. 13 വർഷമായി അൽബാഹയിൽ വാച്ച് കട നടത്തുകയായിരുന്നു. പിതാവ്: പരേതനായ കോമുള്ളി റസാഖ്, മാതാവ്: ആസിയ, ഭാര്യ: ജസ്‌ന കുണ്ടുതോട്, മക്കൾ: സഫ, സഫ്വാൻ, സനാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽബാഹയിൽ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.