റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കാനായി ഉറങ്ങാൻ കിടന്ന ഷമീറിനെ, വൈകീട്ടോടെ റൂമിലുള്ള സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

റിയാദ്: പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ തയ്യിൽ വീട്ടിൽ പരേതരായ ലത്തീഫിന്റെയും മറിയുമ്മയുടെയും മകൻ ഷമീർ (36) ആണ് നിര്യാതനായത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കാനായി ഉറങ്ങാൻ കിടന്ന ഷമീറിനെ, വൈകീട്ടോടെ റൂമിലുള്ള സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുഹൃത്തുക്കൾ റെഡ് ക്രെസന്റ് സംഘത്തെ വിവരമറിയിക്കുകയും അവർ പ്രാഥമിക അടിയന്തര ചികിത്സ നൽകി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. റിയാദ് കിങ് ഫൈസൽ ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. പരേതരായ ലത്തീഫും മറിയുമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: മുർഷിദ. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് എറണാകുളം കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഉസ്മാൻ പരീത്, സമീർ ആലുവ, സുഹൃത്ത് സുൽഫി എന്നിവർ രംഗത്തുണ്ട്.