റിയാദ്: സൗദിയില്‍ നഴ്‍സറി സ്കൂള്‍ വിദ്യാര്‍ത്ഥി സ്കൂള്‍ ബസിനടിയില്‍പെട്ട് മരിച്ചു. അല്‍ ബാഹയില്‍ വിദ്യാര്‍ത്ഥിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു ദാരുണമായ അപകടം. സ്കൂളില്‍ നിന്ന് മടങ്ങിവന്ന് വീടിന് മുന്നില്‍ ബസിറങ്ങിപ്പോഴായിരുന്നു സംഭവം.

ബസില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി, ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടി, ബസിന്റെ പിന്നിലൂടെ മറുവശത്തേക്ക് പോയിട്ടുണ്ടാകുമെന്ന് ധരിച്ച ഡ്രൈവര്‍ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തു. വാഹനത്തിന് തൊട്ടുമുന്നിലൂടെ നടക്കുകയായിരുന്ന കുട്ടിയെ ഡ്രൈവര്‍ കണ്ടിരുന്നില്ല. മുന്നോട്ടെടുത്ത ബസിന്റെ ടയര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.