സൗദി ഫുട്ബോൾ ക്ലബ്ബായ അൽ അഹ്‌ലിയുടെ പ്രസിഡൻറ് ഖാലിദ് അൽ ഗാംദി സ്ഥാനം രാജിവെച്ചു. മൂന്ന് വർഷത്തെ ഭരണകാലയളവിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗ്, സൗദി സൂപ്പർ കപ്പ് തുടങ്ങിയ കിരീടങ്ങൾ ക്ലബ്ബ് നേടിയിരുന്നു. ആരാധകർക്കും ഭരണസമിതിക്കും നന്ദി അറിയിച്ച അദ്ദേഹം വൈകാരികമായ വിടവാങ്ങൽ സന്ദേശവും പങ്കുവെച്ചു.
റിയാദ്: സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബായ അൽ അഹ്‌ലിയുടെ പ്രസിഡൻറ് ഖാലിദ് അൽ ഗാംദി സ്ഥാനം രാജിവെച്ചു. ക്ലബ്ബിെൻറ ഭരണസാരഥ്യത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി പടിയിറങ്ങുന്നത്. തന്‍റെ പ്രഫഷനൽ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇതെന്നും വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞ ഈ കാലയളവിൽ രണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് കിരീടങ്ങളും സൗദി സൂപ്പർ കപ്പും സ്വന്തമാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിെൻറ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അൽ അഹ്‌ലിയെ സേവിക്കാൻ സാധിച്ചതിലെ അഭിമാനം അദ്ദേഹം പങ്കുവെച്ചത്.
കഠിനാധ്വാനവും മികച്ച വിജയങ്ങളും നിറഞ്ഞതായിരുന്നു ഈ അനുഭവമെന്നും ഭാവിയിലും ക്ലബ്ബിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണസമിതി അംഗങ്ങൾ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, ക്ലബ് ജീവനക്കാർ, സാങ്കേതിക-ഭരണ വിഭാഗങ്ങൾ, ആരാധക കൂട്ടായ്മകൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ക്ലബ്ബിന്‍റെ നന്മ ആഗ്രഹിച്ച് പിന്തുണ നൽകിയവർക്കും അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്തിയവർക്കും തെൻറ പ്രസ്താവനയിലൂടെ അദ്ദേഹം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. തെൻറ ഭരണകാലത്ത് കൈവരിച്ച ഓരോ വിജയത്തിന് പിന്നിലെയും യഥാർത്ഥ കരുത്ത് ആരാധകരാണെന്ന് ചൂണ്ടിക്കാട്ടി, അൽ അഹ്‌ലി ആരാധകർക്കായി ഒരു പ്രത്യേക വൈകാരിക സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് നൽകിയ വലിയ പിന്തുണയ്ക്ക് കടപ്പാട് അറിയിച്ച അദ്ദേഹം, അൽ അഹ്‌ലി ക്ലബ്ബിെൻറ മഹത്തായ ചരിത്രവും ആരാധകരും എന്നും തലയുയർത്തിത്തന്നെ നിൽക്കുമെന്നും വ്യക്തമാക്കി. വരും ഘട്ടങ്ങളിലും ടീമിന് വിജയവഴിയിൽ തുടരാനും വിവിധ ടൂർണമെൻറുകളിൽ ശക്തമായി പൊരുതാനും സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, ‘അൽ അഹ്‌ലിക്കും അതിെൻറ വിശ്വസ്തരായ ആരാധകർക്കും നന്ദി’ എന്ന വാക്കുകളോടെയാണ് വിടവാങ്ങൽ സന്ദേശം അവസാനിപ്പിച്ചത്.


