റിയാദ്: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി താല്‍കാലികമായി അടച്ചിട്ട മക്കയിലെ കിങ് അബ്ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാഴ്ച തുറക്കും. ഇരുഹറം കാര്യാലയ മേധാവിയും കിങ് അബ്ദുല്ല സംസം സുഖ്‌യ പദ്ധതി മേല്‍നോട്ട കമ്മിറ്റി അധ്യക്ഷനുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസാണ് ഇക്കാര്യം അറിയിച്ചത്.

2020 മാര്‍ച്ച് 16 നാണ് സംസം വിതരണ കേന്ദ്രത്തിലെ ഔട്ട്‌ലട്ടുകള്‍ താല്‍ക്കാലികമായി അടച്ചത്. ഒരു വര്‍ഷത്തിനു ശേഷമാണ് കേന്ദ്രം വീണ്ടും തുറക്കുന്നത്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി സംസം വിതരണ കേന്ദ്രം വീണ്ടും തുറക്കാനും സന്ദര്‍ശകരെ സ്വീകരിക്കാനും വേണ്ട പദ്ധതികള്‍ ദേശീയ വാട്ടര്‍ കമ്പനി ആവിഷ്‌കരിച്ചതായി ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. റമദാന്‍ അടുത്തതോടെ സംസമിനുള്ള ആളുകളുടെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് ചൊവ്വാഴ്ച മുതല്‍ കേന്ദ്രം തുറക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി ഒമ്പത് മണി വരെയായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും നിരീക്ഷിക്കാന്‍ മേല്‍നോട്ട കമ്മിറ്റി ശ്രദ്ധിക്കും. ഓട്ടോമറ്റിക് ഔട്ട്‌ലെറ്റിലൂടെ  ഒരു വ്യക്തിക്ക് 15 ദിവസത്തേക്ക് ഒരേ സമയം നാല് വരെ ബോട്ടിലുകളാണ് വിതരണം ചെയ്യുക. ഒരു ബോട്ടിലിന് വാറ്റ് ഉള്‍പ്പെടെ 5.50 റിയാലായിരിക്കും വില.