സംഘടനയിലെ വിഭാഗീയത മൂലം മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ്‌ അടുത്ത മാസം ആദ്യ വാരത്തോടെ നടത്താനുള്ള ചുമതലയാണ് സംസ്ഥാന ലീഗ്‌ നേതൃത്വം അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്‌

കുവെെത്ത് സിറ്റി: കഴിഞ്ഞ ആറു മാസമായി മുടങ്ങി കിടന്ന കുവൈത്ത്‌ കെഎംസിസിയുടെ പുതിയ നാഷനൽ കമ്മിറ്റി രൂപീകരണത്തിനു കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന ലീഗ്‌ സെക്രട്ടറി പി.എം.എ.സലാം കുവൈത്തിൽ എത്തി. കഴിഞ്ഞ ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന കെഎംസിസിയുടെ സംഘടനാ തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായാണു സംസ്ഥാന ലീഗ്‌ സെക്രട്ടറി പി.എ.എ.സലാം കുവൈത്തിൽ എത്തിയിരിക്കുന്നത്‌.

സംഘടനയിലെ വിഭാഗീയത മൂലം മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ്‌ അടുത്ത മാസം ആദ്യ വാരത്തോടെ നടത്താനുള്ള ചുമതലയാണ് സംസ്ഥാന ലീഗ്‌ നേതൃത്വം അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്‌. ഇതിന് പുറമെ സംഘടനയുടെ യൂണിറ്റ്, ഏരിയ കമ്മിറ്റി എന്ന നിലവിലെ ഘടനയിൽ നിന്ന് നിയോജക മണ്ഠലം , ജില്ലാ കമ്മിറ്റി എന്ന ഘടനയിലേക്ക്‌ സംഘടനയെ മാറ്റാനുള്ള ദൗത്യവും അദ്ദേഹത്തിന് മുന്നിലുണ്ട്‌.

മുൻ പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണേത്ത്‌ നേതൃത്വം നൽകുന്ന ഔദ്യോകിക പക്ഷവും മുൻ ചെയർമാനും പാണക്കാട്‌ കുടുംബാംഗവുമായ സയ്യിദ്‌ നാസർ മഷ്‌ഹൂർ തങ്ങൾ നേതൃത്വം നൽകുന്ന മറു വിഭാഗവും തമ്മിലാണു തെരഞ്ഞെടുപ്പ്‌ നേരിടാനൊരുങ്ങുന്നത്‌.

ഔദ്യോഗിക പക്ഷം ഇതിനകം നാലായിരത്തി അഞ്ഞൂറിലധികം അംഗങ്ങളെ ചേർത്തതായാണു അറിയുന്നത്‌. മറു വിഭാഗമാകട്ടെ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടന്ന് ലഭിച്ച്‌ മൂവായിരം അംഗത്വ ഫോമിൽ തൊണ്ണൂറു ശതമാനവും അംഗങ്ങങ്ങളെ ചേർത്തതായാണു അവകാശപ്പെടുന്നത്‌.

അംഗ ബലത്തിൽ ഔദ്യോഗിക പക്ഷം ഏറെ മുന്നിലാണെങ്കിലും കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ്‌ വേളയിൽ ഔദ്യോഗിക പക്ഷത്തോടൊപ്പം ഉണ്ടായിരുന്ന മുൻ ജനറൽ സെക്രട്ടറി ഗഫൂർ വയനാടും വൈസ്‌ പ്രസിഡന്റ്മാർ ആയിരുന്ന ഫാറൂഖ്‌ ഹമദാനി , ഇഖ്ബാൽ മാവിലാടം തുടങ്ങിയ നേതാക്കൾ ഇത്തവണ മറു വിഭാഗത്തോടൊപ്പമാണ്.

ഇത്‌ കൊണ്ട്‌ തന്നെ മൽസരം ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുക എന്നതാണു നിരീക്ഷകനായി എത്തിയ പി.എം.എ.സലാമിന്റെ മുന്നിലുള്ള പ്രധാന ദൗത്യം.