ഹാഷിഷും ക്രിസ്റ്റൽ മെത്തും കഞ്ചാവുമടക്കം കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. 15 പേർ പിടിയിൽ. മയക്കുമരുന്ന് കടത്തലും ഉപയോഗവും സംബന്ധിച്ച ഒമ്പത് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായത്.
കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപനത്തിനെതിരായ ശക്തമായ നടപടികളുമായി കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം 15 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തലും ഉപയോഗവും സംബന്ധിച്ച ഒമ്പത് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായത്.

പ്രതികളിൽ നിന്ന് 1106 ഗ്രാം ഹാഷിഷ്, 337 ഗ്രാം ക്രിസ്റ്റൽ മെത്ത്, 255 ഗ്രാം കഞ്ചാവ്, 138 ലിറിക്ക ഗുളികകൾ, 5 ഗ്രാം ഹെറോയിൻ, 3 ഗ്രാം ലിറിക്ക പൗഡർ, നാല് ഡിജിറ്റൽ തൂക്കക്കരണ്ടികൾ, കൂടാതെ കടത്തലിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. എല്ലാ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വ്യാപാരികൾക്കെതിരായ സുരക്ഷാ നടപടികൾ ശക്തമായി തുടരുമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
‘ബോഡി വാഷി’ൽ ലഹരിമരുന്ന്
യുകെയിൽ നിന്ന് കൊറിയർ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. ഒരു പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനി വഴി എത്തിയ രണ്ട് പാഴ്സലുകൾ പരിശോധിച്ചപ്പോഴാണ് 2.3 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. കുവൈത്ത് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവ പിടികൂടുകയായിരുന്നു. ഷിപ്പിംഗ് രേഖകളിൽ 'ബോഡി വാഷ്' എന്ന് രേഖപ്പെടുത്തിയിരുന്ന പാഴ്സലുകളിൽ കസ്റ്റംസ് പരിശോധനാ സംഘത്തിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുപ്പികൾക്കുള്ളിൽ സുതാര്യമായ ദ്രാവകം കണ്ടെത്തിയത്.
തുടർന്ന് ഇതിന്റെ സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഇവ മാരക ലഹരിമരുന്നായ 'കെമിക്കൽ ലിക്വിഡ്' ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 2.3 കിലോഗ്രാം തൂക്കമുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്.


