സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്ന് താമസനിയമം ലംഘിച്ച 27 പേരെ കൂടി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസനിയമം ലംഘിച്ച 34 പ്രവാസികള്‍ പിടിയില്‍. വ്യാജ ഓഫീസില്‍ വെച്ചാണ് ഏഴ് താമസനിയമ ലംഘകര്‍ അറസ്റ്റിലായത്. സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്ന് താമസനിയമം ലംഘിച്ച 27 പേരെ കൂടി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read More -  പ്രാദേശികമായി നിര്‍മ്മിച്ച 830 കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ അധികൃതര്‍ നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 9,517 നിയമലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കാതെ ഇവിടെ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. താഴ്‍ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.

Read More -  കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള മസാജ് പാര്‍ലറുകള്‍, കൃഷി - മത്സ്യബന്ധനം തുടങ്ങിയവ നടക്കുന്ന തൊഴിലിടങ്ങള്‍, പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന യാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം പരിശോധനകള്‍ നടന്നു. മുത്‍ലഅ, സുലൈബിയ, കബദ് എന്നിവടങ്ങളിലായിരുന്നു നിയമലംഘകരെ ലക്ഷ്യമിട്ട് ഇക്കാലയളവില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നത്. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് പരിശോധനാ ക്യാമ്പയിന്‍ മുന്നോട്ടുപോവുന്നത്.