കുവൈത്തിലെ അഹമ്മദിയിൽ വൻ സുരക്ഷാ പരിശോധന. 38 പേർ പിടിയിൽ. ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലും അൽ കൗട്ട് മാളിന്റെ പാർക്കിംഗ് മേഖലകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 16 വാണ്ടഡ് വ്യക്തികളെയും നിയമലംഘകരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 22 പേരെയും പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി നടത്തിയ സുരക്ഷാ പരിശോധനയിൽ 38 പേരെ പിടികൂടി. പരിശോധനയിൽ 500 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലും അൽ കൗട്ട് മാളിന്റെ പാർക്കിംഗ് മേഖലകളിലുമാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ 16 വാണ്ടഡ് വ്യക്തികളെയും നിയമലംഘകരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 22 പേരെയും പിടികൂടി. കൂടാതെ കോടതി ഉത്തരവ് അനുസരിച്ച് അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും 28 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുപുറമേ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 500 കിലോഗ്രാം കേടായ മത്സ്യവും അധികൃതർ പിടിച്ചെടുത്തു. പിടിയിലായവർക്കും നിയമലംഘകർക്കുമെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.