സംയുക്ത പരിശോധനയിൽ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 519 ട്രാഫിക് ലംഘനങ്ങൾ. 10 പേർ അറസ്റ്റിൽ. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്. വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ പട്രോളിംഗ് വഴി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് വ്യാഴാഴ്ച തലസ്ഥാന ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഫീൽഡ് സുരക്ഷാ-ഗതാഗത ക്യാമ്പയിൻ നടത്തി. ഈ ക്യാമ്പയിനിൽ 519 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പിടികിട്ടാപ്പുള്ളികളായ 2 പേരെയും കേസിൽ ഹാജരാകാത്ത 2 പേരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്. വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ നിയമം ലംഘിച്ച 21 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഒരാളെ ട്രാഫിക് പൊലീസിന് കൈമാറി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് എല്ലാ ഗവർണറേറ്റുകളിലും മൊബൈൽ പട്രോളിംഗുകൾ വഴി സുരക്ഷാ-ഗതാഗത കാമ്പയിനുകൾ 24 മണിക്കൂറും തുടരുമെന്ന് സ്ഥിരീകരിച്ചു.