ഫഹാഹീലില്‍ വെച്ച് സംശയാസ്‍പദമായ സാഹചര്യത്തില്‍ വാഹനവുമായി ഇയാള്‍ പൊലീസ് സംഘത്തിന്റെ കണ്ണില്‍പെടുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍തോതിലുള്ള മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട്. പ്രാദേശികമായി നിര്‍മിച്ച നിരവധി ബോട്ടില്‍ മദ്യവുമായാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്. അഹ്‍മദി പൊലീസ് പട്രോള്‍ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‍തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫഹാഹീലില്‍ വെച്ച് സംശയാസ്‍പദമായ സാഹചര്യത്തില്‍ വാഹനവുമായി ഇയാള്‍ പൊലീസ് സംഘത്തിന്റെ കണ്ണില്‍പെടുകയായിരുന്നു. പട്രോള്‍ വാഹനം കണ്ടതോടെ സ്ഥലത്തു നിന്ന് ധൃതിയില്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസിന് സംശയം ശക്തമായി. പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് നിരവധി ബാഗുകളില്‍ നിറയെ മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കുവൈത്തിലെ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. അതുവരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം അറസ്റ്റിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
