കുവൈത്തിൽ എട്ടു ദിവസത്തിനിടെ 28,000ത്തോളം ഗതാഗത നിയമലംഘനങ്ങൾ, നിരവധി പേർ പിടിയിൽ. ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ എമർജൻസി പൊലീസ് നടത്തിയ 1,154 സുരക്ഷാ ഓപ്പറേഷനുകളിലായി 2,316 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപകമായി സുരക്ഷാ പരിശോധന. സുരക്ഷാ-ഗതാഗത വകുപ്പുകൾ നടത്തിയ പരിശോധനകളിൽ എട്ടു ദിവസത്തിനുള്ളിൽ 27,969 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും എമർജൻസി പൊലീസും സംയുക്തമായി ജനുവരി 11 മുതൽ 18 വരെയുള്ള കാലയളവിലാണ് പരിശോധനകൾ നടത്തിയത്. ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ എമർജൻസി പൊലീസ് നടത്തിയ 1,154 സുരക്ഷാ ഓപ്പറേഷനുകളിലായി 2,316 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിൽ താമസരേഖയില്ലാത്ത 32 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത നാല് പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ, കോടതി ഉത്തരവുള്ള 9 വാഹനങ്ങൾ പിടിച്ചെടുക്കുകയും 11 സംഘർഷങ്ങൾ പരിഹരിക്കുകയും ചെയ്തു.

പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ഏഴ് പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ലഹരിമരുന്ന് കേസുകളിൽ തിരയുന്ന മറ്റുള്ളവരെ പിടികൂടാനും ഈ പരിശോധനകളിലൂടെ സാധിച്ചു. ജനുവരി 12 മുതൽ 18 വരെയുള്ള കണക്കുകൾ പ്രകാരം ട്രാഫിക് ഓഫീസർമാർ 25,653 കുറ്റപത്രങ്ങൾ നൽകി. നിയമലംഘനം നടത്തിയ 25 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടാതെ, 45 നിയമലംഘകരെ തടങ്കലിലാക്കുകയും താമസരേഖാ കാലാവധി കഴിഞ്ഞ 58 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ രേഖകളില്ലാത്തതും നിയമലംഘനം നടത്തിയതുമായ 333 കാറുകളും 25 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. കൂടാതെ, വിവിധ കേസുകളിൽ തിരയുന്ന 53 വ്യക്തികളെയും കോടതികൾ ആവശ്യപ്പെട്ട 32 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.