കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്ന കർശനമായ ട്രാഫിക് സുരക്ഷാ പരിശോധനയിൽ 15,373 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ച 33 പേരെ അറസ്റ്റ് ചെയ്യുകയും, ഗുരുതര നിയമലംഘനങ്ങൾക്ക് 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 12 പ്രായപൂർത്തിയാകാത്തവരെ പിടികൂടി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിലെ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന കടുത്ത സുരക്ഷാ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖിയുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ സാരി, എമർജൻസി പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹാജരി, അസിസ്റ്റന്‍റ് ബ്രിഗേഡിയർ ഹംലാൻ അൽ ഹംലാൻ എന്നിവരുടെ ഫീൽഡ് മേൽനോട്ടത്തിലാണ് വിവിധ ഗവർണറേറ്റുകളിൽ ഈ സുപ്രധാന ക്യാമ്പയിനുകൾ നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഒരാഴ്ചത്തെ പരിശോധനകളിൽ മാത്രം ആകെ 15,373 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. റോഡുകളിൽ അശ്രദ്ധമായും അപകടകരമായും വണ്ടിയോടിച്ച 33 പേരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പ്രത്യേക ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പിടിയിലായ 12 പ്രായപൂർത്തിയാകാത്ത കുട്ടികളെയും പിടികൂടി. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറി.

ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് മൂവ്‌മെന്‍റ് വിഭാഗങ്ങൾ, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് എന്നിവയുടെ സംയുക്ത പട്രോളിംഗാണ് ഈ വലിയ സുരക്ഷാ ദൗത്യം വിജയകരമാക്കിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവയർനസ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ വാർത്താക്കുറിപ്പിൽ അറിയിച്ചു. വരും ദിവസങ്ങളിലും റോഡുകളിൽ കർശനമായ നിരീക്ഷണം തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.