കുവൈത്തിലെ സാൽമിയയിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ് വാഹനം കണ്ടതോടെ കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് പാക്കറ്റുകൾ എറിഞ്ഞുകളഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് മാഫിയകൾക്കും കച്ചവടക്കാർക്കുമെതിരെയുള്ള പരിശോധന ശക്തമാക്കി. സാൽമിയയിൽ 163 പാക്കറ്റ് ഹെറോയിനുമായി രണ്ടുപേരെ പിടികൂടി. ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിനിടയിലാണ് പ്രതികൾ വലയിലായത്.
പൊലീസ് വാഹനം കണ്ടതോടെ കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് പാക്കറ്റുകൾ എറിഞ്ഞുകളഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒന്നാമത്തെ പ്രതിയിൽ നിന്ന് 75 പാക്കറ്റുകളും രണ്ടാമനിൽ നിന്ന് 88 പാക്കറ്റുകളുമാണ് പൊലീസ് കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.


