വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമടക്കം കുവൈത്തിൽ മിന്നൽ റെയ്ഡിൽ പിടികൂടിയത് 657 വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കട അടച്ചുപൂട്ടുകയും തുടർനടപടികൾക്കായി കോമേഴ്‌സ്യൽ പ്രോസിക്യൂഷനിലേക്ക് കേസ് കൈമാറുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് അധികൃതർ. വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചും പ്രദർശിപ്പിച്ചും വന്നിരുന്ന ഒരു വ്യാപാരസ്ഥാപനത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ആകെ 657 വ്യാജ വസ്തുക്കൾ പിടിച്ചെടുത്തു. ഇതിൽ വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, സ്ത്രീകളുടെ ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കട അടച്ചുപൂട്ടുകയും തുടർനടപടികൾക്കായി കോമേഴ്‌സ്യൽ പ്രോസിക്യൂഷനിലേക്ക് കേസ് കൈമാറുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചിരുന്നു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഒരു ഫാക്ടറി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യമായ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത് സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ ഭക്ഷണം വിൽക്കൽ, ശുചിത്വ ലംഘനം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കൽ എന്നിവ ഉൾപ്പെടെ ആറു നിയമലംഘനങ്ങൾക്കും കേസെടുത്തു.