യോഗ്യതാ പരിശോധനയ്‍ക്കായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് സൂചന. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ രാജ്യത്തെ പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സമാനമായ പരിശോധന ബാധകമാവുമെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യോഗ്യതാ പരിശോധനയ്‍ക്കായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് സൂചന. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകവുമായിരിക്കും. കുവൈത്തില്‍‍ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന 16,000ല്‍ അധികം പ്രവാസികള്‍ പുതിയ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കൗണ്ടിങ് മേഖലയിലെ വിവിധ തസ്‍തികകളില്‍ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചും മാന്‍പവര്‍ അതോറിറ്റി വിശദമായ പഠനം നടത്തും. നിലവില്‍ കുവൈത്തില്‍ എഞ്ചിനീയറിങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ യോഗ്യത പരിശോധിച്ച് അംഗീകാരം നല്‍കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ട്.

Read also:  1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു; ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി