കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ ലഭ്യമാകുന്നത് വരെ രാജ്യത്ത് ഹുക്ക കഫേകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് കുവൈത്ത് തീരുമാനിച്ചു. ലോകമെമ്പാടും നടന്നുവരുന്ന വാക്സിന്‍ പരീക്ഷണങ്ങളുടെ വിജയവും കുവൈത്തിലെ വാക്സിന്‍ ക്യാമ്പയിനുമൊക്കെ  ആശ്രിയിച്ചായിരിക്കും ഹുക്ക കഫേകളുടെ ഇനിയുള്ള അനുമതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഹുക്ക കേഫകളില്‍ പാലിക്കപ്പെടുമെന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പൊതുജന താത്പര്യം മുന്‍നിര്‍ത്തി തള്ളുകയായിരുന്നു. ലോകമെമ്പാടും പല രാജ്യങ്ങളിലും കൊവിഡ് വൈറസ് ബാധ വീണ്ടും വര്‍ദ്ധിക്കുകയും പലയിടങ്ങളിലും വീണ്ടും ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യം കൂടി കണക്കില്ലെടുത്താണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.