കുവൈത്ത് സിറ്റി: കൊവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ഏറ്റവും ജീവിത ചെലവ് കുറവുള്ള നഗരം കുവൈത്ത് സിറ്റിയെന്ന് സര്‍വേ. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മെര്‍സര്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ജീവിത ചെലവിന്റെ കാര്യത്തില്‍ പ്രധാന ഗള്‍ഫ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഒടുവിലായാണ്  കുവൈത്ത് തലസ്ഥാനത്തിന്റെ സ്ഥാനം. അറബ് രാജ്യങ്ങളിലാവട്ടെ എട്ടാം സ്ഥാനത്താണ് കുവൈത്ത്.

ലോകമെമ്പാടുമുള്ള 209 നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ആഗോള തലത്തില്‍ തന്നെ 113 ആണ് കുവൈത്തിന്റെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 119 -ാം സ്ഥാനത്തായിരുന്നു കുവൈത്ത്. ഭവന ചിലവ്, യാത്ര, ഭക്ഷണം, വസ്ത്രം, വീട്ടുസാധനങ്ങള്‍, വിനോദ ഉപാധികള്‍, വിനിമയ നിരക്ക്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില എന്നിങ്ങനെ ഇരുനൂറോളം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അറബ് രാജ്യങ്ങളില്‍ പ്രവാസികളുടെ ജീവിത ചെലവിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത്. ആഗോള തലത്തില്‍ 23 ആണ് ദുബായുടെ സ്ഥാനം. 2019ല്‍ ഇത് 21 ആയിരുന്നു. സൗദി തലസ്ഥാനമായ റിയാദാണ് രണ്ടാമത്. ആഗോള തലത്തില്‍ 31 ആണ് റിയാദിന്റെ സ്ഥാനം. യുഎഇ തലസ്ഥാനമായ അബുദാബിയാണ് അറബ് ലോകത്ത് പ്രവാസികളുടെ ജീവിത ചെലവിന്റെ കാര്യത്തില്‍ മൂന്നാമത്. ആഗോള തലത്തിലാവട്ടെ 39-ാം സ്ഥാനത്താണ് അബുദാബി. ലെബനീസ് തലസ്ഥാനമായ ബെയ്റൂത്ത് അറബ് ലോകത്ത്നാലാം സ്ഥാനത്തും ആഗോള തലത്തില്‍ 45-ാം സ്ഥാനത്തുമാണ്.