കുവൈത്ത് സിറ്റി: കൊലപാതകക്കേസില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ കുവൈത്ത് പരമോന്നത കോടതി റദ്ദാക്കി. സഅദ് അല്‍ അബ്‍ദുല്ലയില്‍ വെച്ച് അഫ്‍ഗാന്‍ പൗരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ത്യക്കാരന് നേരത്തെ വധശിക്ഷ വിധിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക വിഷയങ്ങളിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍. ചെറിയ വാക്കുതര്‍ക്കത്തില്‍ തുടങ്ങി അടിപിടിയിലെത്തുകയും ഇതിനിടെ ഇന്ത്യക്കാരന്‍ കത്തി ഉപയോഗിച്ച് അഫ്‍ഗാന്‍ പൗരനെ കുത്തിക്കൊല്ലുകയുമായിരുന്നെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. പിന്നീട് മൃതദേഹം കാറില്‍ ഒളിപ്പിച്ചു. എന്നാല്‍ സ്‍പോണ്‍സര്‍ ഇത് കണ്ടുപിടിക്കുകയായിരുന്നു. 3000 കുവൈത്തി ദിനാറിന്റെ പേരിലുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം പരമോന്നതി കോടതി ഈ വധശിക്ഷ റദ്ദാക്കുകയായിരുന്നു.