രാജ്യത്തെ റെസിഡന്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം നടത്തിയത്.

കുവൈത്ത് സിറ്റി: പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍ (Blood test result) കൃത്രിമം കാണിച്ച കേസില്‍ എട്ടു പ്രവാസികള്‍ക്ക് (Expats) 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. പ്രതികളില്‍ ഓരോരുത്തരും 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്ട്ട് ചെയ്തു.

കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ലാത്ത, പകര്‍ച്ചവ്യാധികള്‍ ബാധിച്ച പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ പണം വാങ്ങി കൃത്രിമം നടത്തിയതിനാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തെ റെസിഡന്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചത്. ഇന്ത്യക്കാരും ഈജിപ്ത് സ്വദേശികളുമാണ് കേസിലെ പ്രതികളെന്ന് 'അല്‍ റായ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

 പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ആത്മഹത്യ ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച (Ran over a security officer) പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സാല്‍മിയയിലെ ഒരു കെട്ടിടത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു. ഇയാളെ പിടികൂടാനായി പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയ യുവാവ് അവിടെ നിന്ന് താഴേക്ക് ചാടി. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വാഹനിമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

കുവൈത്തില്‍ പൊലീസുകാരനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി (Policeman kidnapped) മര്‍ദിച്ചു. വെസ്റ്റ് അബ്‍ദുല്ല മുബാറക് (West Abdullah Mubarak) ഏരിയയിലായിരുന്നു സംഭവം. അതീവ പ്രാധാന്യമുള്ള ഒരു സംഭവത്തെക്കുറിച്ച് വിവരം നല്‍കിയ ശേഷം പൊലീസുകാരനെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ (Local Media) റിപ്പോര്‍ട്ട് ചെയ്‍തു.

ഒരു സൈനിക ഉദ്യോഗസ്ഥനാണ് പൊലീസുകാരന് വിവരം നല്‍കി സ്ഥലത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോവുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാളുടെ ചിത്രങ്ങളും പകര്‍ത്തി. ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. പരിക്കേറ്റ പൊലീസുകാരന്‍ പിന്നീട് സമീപത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

നേരത്തെ ഒരു കേസില്‍ നടപടിയെടുത്തതിലുള്ള പ്രതികാരമായാണ് പൊലീസുകാരനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്‍ത ഒരാള്‍ ജയില്‍ മോചിതനായ ശേഷം പൊലീസുകാരനെ മര്‍ദിക്കാനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ പൊലീസുകാരനെ വിളിച്ചുവരുത്തിയത്.

പൊലീസിന്റെ സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‍തു. ഒരാളെ മുബാറക് അല്‍ കബീര്‍ ഏരിയയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയപ്പോള്‍ മറ്റൊരാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിന്റെ തുടരന്വേഷണത്തിനായി ഇരുവരും കസ്റ്റഡിയിലാണ്.