ഒരു ഗള്‍ഫ് രാജ്യത്തേക്ക് കൊണ്ടു കോകാന്‍ തയ്യാറാക്കിയവയായിരുന്നു ഈ കണ്ടെയ്‍നറുകളെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കുവൈത്ത് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് 33 കണ്ടെയ്‍നറുകളില്‍ വിദേശത്തേക്ക് ഡീസല്‍ കടത്താനുള്ള ശ്രമം പിടികൂടി. രാജ്യത്തെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതരാണ് ശനിയാഴ്ച വന്‍തോതിലുള്ള ഡീസല്‍ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. ഡീസല്‍ നിറച്ച കണ്ടെയ്‍നറുകള്‍ കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിക്ക് കൈമാറി.

കുവൈത്തില്‍ നിന്ന് പെട്രോളിയം ഉത്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍ തുറമുഖത്തും ഫൈലാക ദ്വീപിലും കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വിലക്ക് ലംഘിച്ചുള്ള കള്ളക്കടത്ത് ശ്രമം കണ്ടെത്തുകയായിരുന്നു. ഒരു ഗള്‍ഫ് രാജ്യത്തേക്ക് കൊണ്ടു കോകാന്‍ തയ്യാറാക്കിയവയായിരുന്നു ഈ കണ്ടെയ്‍നറുകളെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കുവൈത്ത് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.

കണ്ടെയ്നറുകളില്‍ പ്രത്യേക ടാങ്കുകള്‍ സജ്ജീകരിച്ചാണ് ഡീസല്‍ നിറച്ചിരുന്നത്. കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ നേതൃത്വത്തില്‍ ഇവ പിന്നീട് ടാങ്കറുകളിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ നിരീക്ഷണത്തിലായിരുന്നു ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കൃത്യസമയത്തുള്ള ഇടപെടലുകള്‍ക്ക് കുവൈത്ത് കസ്റ്റംസിനെയും കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരെയും കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് അഭിനന്ദിച്ചു.

Read also: പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്; എട്ട് പ്രവാസികള്‍ അറസ്റ്റില്‍