ശമ്പളം നൽകാത്തതില്‍ പ്രതിഷേധിച്ച പ്രവാസി തൊഴിലാളികളെയാണ് നാടുകടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുവൈത്ത് സിറ്റി: അഞ്ച് മാസമായി ശമ്പളം ലഭിക്കാത്തതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് 127 ബംഗ്ലാദേശി തൊഴിലാളികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് മാധ്യമമായ ‘എൻടിവി’യെ ഉദ്ധരിച്ച് അറബ് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 31-നാണ് ‘എൻടിവി’ ഇതുസംബന്ധിച്ച റിപ്പോർട്ട് നല്‍കിയത്.
റിപ്പോർട്ട് പ്രകാരം തൊഴിലുടമയ്‌ക്കെതിരെ ഔദ്യോഗിക പരാതി നൽകാൻ ഫിന്റാസ് പൊലീസ് സ്റ്റേഷന്‍റെ മുന്നിൽ തൊഴിലാളികൾ ഒത്തുകൂടിയപ്പോൾ കുവൈത്ത് അധികൃതർ ജൂലൈ 30-ന് അവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് നാടുകടത്തുകയായിരുന്നു. പ്രതിഷേധത്തിനിടെ 50 ഇന്ത്യക്കാരെയും 30 നേപ്പാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും, ഇവരെ നാടുകടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
കുവൈത്തിലെ ബംഗ്ലാദേശ് എംബസി ഈ വിഷയത്തിൽ ഇടപെട്ടതായും പ്രശ്നത്തിൽ പരിഹാരമുണ്ടായില്ല എന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ പ്രവാസികൾ ബഹുജന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിയമപരമായി കർശനമായി നിരോധിച്ചിട്ടുണ്ട്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങളോ പരാതികളോ ഉണ്ടായാൽ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളിൽ അറിയിക്കുകയോ, തൊഴിൽ തർക്കങ്ങളുടെ സാഹചര്യത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ പരാതി സമർപ്പിക്കുകയോ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
