എച്ച്ഐവി ബാധയുള്ള രോഗികളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ വിജയകരമായി നടത്തി വരികയാണ്.
കുവൈത്ത് സിറ്റി: എച്ച്ഐവി രോഗബാധിതരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നാടുകടത്തിയത് നൂറിലേറെ പ്രവാസികളെ. സാംക്രമിക രോഗങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്. എയ്ഡ്സ് ആന്‍ഡ് വെനീറിയല്‍ ഡിസീസസ് കോണ്‍ഫറന്‍സിലാണ് ആരോഗ്യ അധികൃതര്‍ ഇക്കാര്യ വെളിപ്പെടുത്തിയത്.
എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തില്‍ ഗള്‍ഫ് മേഖലയില്‍ വളരെ മുമ്പിലാണ് കുവൈത്തിന്‍റെ സ്ഥാനമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ അവാദി പറഞ്ഞു. കുവൈത്തില്‍ താമസിക്കുന്നതില്‍ എച്ച്ഐവി ബാധിതരായ 90 ശതമാനം ആളുകളെയും തിരിച്ചറിയാനായിട്ടുണ്ട്. ഇവരുടെ രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നല്‍കാനും രോഗം കണ്ടെത്തിയ 90 ശതമാനം ആളുകള്‍ക്കും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യുഎന്‍ എയ്ഡ്സിന്‍റെ 90-90-90 ലക്ഷ്യങ്ങള്‍ കുവൈത്ത് നേടിയിട്ടുണ്ട്.
അടുത്ത നാഴികക്കല്ലായ നാഷണല്‍ എയ്ഡ്സ് സ്ട്രാറ്റജി 2023-2027ന്‍റെ ഭാഗമായ 95-95-95 ലക്ഷ്യം 2025ഓടെ നേടാനുള്ള ശ്രമത്തിലാണ് കുവൈത്തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിശോധനകളും കൗണ്‍സിലിങും ദീര്‍ഘകാലം നീളുന്ന ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നല്‍കി എയ്ഡ്സ് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
