വധശിക്ഷയ്ക്ക് വിധിച്ചവരിൽ അഞ്ച് പേർ കൊലപാതകക്കേസുകളിലും രണ്ട് പേർ മയക്കുമരുന്ന് കടത്ത് കേസുകളിലുമാണ് പ്രതികളായത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ ജയിൽ സമുച്ചയത്തിൽ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. വധശിക്ഷ നടപ്പാക്കിയവരിൽ മൂന്ന് കുവൈത്ത് പൗരന്മാരും, രണ്ട് ഇറാനികളും, രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു. എട്ടാമത്തെ പ്രതിക്ക് വധശിക്ഷയിൽ നിന്ന് ഇളവ് ലഭിച്ചതിനാൽ അത് പിന്നീട് നടപ്പാക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു പൗരന് ഇളവ് ലഭിച്ചതിനാൽ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു.

വധശിക്ഷയ്ക്ക് വിധിച്ചവരിൽ അഞ്ച് പേർ കൊലപാതകക്കേസുകളിലും രണ്ട് പേർ മയക്കുമരുന്ന് കടത്ത് കേസുകളിലുമാണ് പ്രതികളായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ്റെ ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെൻ്റിലെ വൃത്തങ്ങൾ പറഞ്ഞു. വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ച എട്ടാമത്തെ പ്രതിയും കൊലപാതകക്കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

ഒരു പ്രതിയുടെ കുടുംബം ഇരയുടെ കുടുംബത്തിന് 'ബ്ലഡ് മണി'യായി രണ്ട് ദശലക്ഷം ദിനാർ നൽകാൻ ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ, കുടുംബത്തിന് ഈ തുക നൽകാൻ സാധിക്കാത്തതിനാലും ഇരയുടെ കുടുംബം ഇളവ് നൽകാത്തതിനാലും വധശിക്ഷ നടപ്പാക്കുകയായിരുന്നു. ബ്ലഡ് മണി ശേഖരിക്കുന്നത് വരെ വധശിക്ഷ താൽക്കാലികമായി നിർത്തിവെക്കാൻ പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇരയുടെ അനന്തരാവകാശികളിൽ നിന്ന് ഇളവ് ലഭിക്കാത്തതിനാൽ അപേക്ഷ നിരസിച്ചു.