ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്വദേശികളില്‍നിന്നു വേണ്ടത്ര യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കു വിദേശികളെ നിയമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. സിവിൽ സര്‍വീസ് കമീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് വിദേശികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്വദേശികളില്‍നിന്നു വേണ്ടത്ര യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്. 42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, 13 ടെക്‌നീഷ്യന്‍മാര്‍, 133 നഴ്‌സുമാര്‍ എന്നിവയടക്കം 193 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിലേക്ക് വിദേശികളെ നിയമിക്കാന്‍ സിവില്‍ സര്‍വീസ് കമീഷണ്‍ ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകൾ സ്വദേശിവത്കരണത്തിൽ ഇളവ് ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നൽകിയിരുന്നു. വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് മൂലം ദൈനംദിനപ്രവർത്തനം ബുദ്ധിമുട്ടിലാവുമെന്നാണ് ഇവരുടെ വാദം. ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കണമെന്നാണ് സിവിൽ സർവിസ് കമീഷൻ പറയുന്നത്. അഞ്ചുവർഷം കൊണ്ട് സർക്കാർ മേഖലയിൽ പൂർണതോതിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ്. അധികൃതർ ലക്ഷ്യം വെക്കുന്നത്.
