കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിലേക്ക് 2575 പേരുടെ നിയമനത്തിന് ധനകാര്യ മന്ത്രാലയം അനുമതി നല്‍കി. ഇതുവഴി 2000 നഴ്സുമാര്‍ക്ക് പുതുതായി ജോലി ലഭിക്കും. ആരോഗ്യമന്ത്രാലയത്തില്‍ നേഴ്‌സസ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കിയിരിക്കുന്നത്.

ഇതുവഴി 2000 നഴ്സുമാര്‍ക്ക് പുറമെ 575 സാങ്കേതിക വിദഗ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും പുതുതായി ജോലി ലഭിക്കും. 1,94000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്‍റെയും അംഗീകാരം ലഭിച്ചിരുന്നു.

അതിനിടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ആശുപത്രികളില്‍ നിന്നുള്ള വരുമാനം ഇരട്ടി ആയി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനവിനു കാരണം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്ന് 45 ദശ ലക്ഷം ദിനാറാണു മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്.  വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വഴി 108 മില്ല്യണ്‍ ദിനാര്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.