Asianet News MalayalamAsianet News Malayalam

പരിശോധനകളില്‍ പിടിച്ചെടുത്ത ഒരു ലക്ഷത്തിലധികം മദ്യക്കുപ്പികള്‍ നശിപ്പിച്ചു

ബന്ധപ്പെട്ട കേസുകളില്‍ കോടതി വിധികള്‍ വരികയും നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്‍ത സാഹചര്യത്തിലാണ് മദ്യം നശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Kuwait Interior ministry destroys more than one lakh bottles of liquor seized by security agencies afe
Author
First Published Feb 9, 2023, 1:16 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പരിശോധനകളില്‍ പിടിച്ചെടുത്ത 1.15 ലക്ഷം മദ്യക്കുപ്പികള്‍ അധികൃതര്‍ നശിപ്പിച്ചു. രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പൊലീസും കസ്റ്റംസും ഉള്‍പ്പെടെയുള്ള സുരക്ഷാ വകുപ്പുകള്‍ പല സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മദ്യശേഖരമായിരുന്നു ഇവ.

ബന്ധപ്പെട്ട കേസുകളില്‍ കോടതി വിധികള്‍ വരികയും നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്‍ത സാഹചര്യത്തിലാണ് മദ്യം നശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കുവൈത്ത് പൊലീസിന് പുറമെ, മുനിസിപ്പാലിറ്റി, കസ്റ്റംസ്, ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നായിരുന്നു ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. പരിശോധനകളില്‍ പിടിച്ചെടുക്കുന്ന മദ്യം ഉപയോഗശൂന്യമാക്കി നശിപ്പിക്കണമെന്നാണ് കുവൈത്ത് സര്‍ക്കാറിന്റെ തീരുമാനം. ഇതനുസരിച്ചായിരുന്നു നടപടികള്‍.

Read also: 2000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കൂടി റദ്ദാക്കി; വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ കടുത്ത നടപടി

അതേസമയം കുവൈത്തില്‍ വന്‍തോതില്‍ മദ്യനിര്‍മാണം നടത്തിയിരുന്ന മൂന്ന് പ്രവാസികള്‍ കഴിഞ്ഞ ദിവസവും അറസ്റ്റിലായിരുന്നു. അഹ്‍മദി ഗവര്‍ണറേറ്റിലെ വഫ്റയിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്‍മദിയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡിലാണ് മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.

മദ്യനിര്‍മാണത്തിനായുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന 146 ബാരലുകള്‍, രണ്ട് ഡിസ്റ്റിലേഷന്‍ ടാങ്കുകള്‍ എന്നിവയ്ക്ക് പുറമെ നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 270 ബോട്ടില്‍ മദ്യവും ഇവിടെയുണ്ടായിരുന്നു. ഇവയെല്ലാം അധികൃതര്‍ പിടിച്ചെടുത്തു. അറസ്റ്റിലായ മൂന്ന് പേരെയും പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. മദ്യനിര്‍മാണ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തുവിടുകയും ചെയ്തു.

Read also: പ്രവാസികള്‍ക്ക് കൂടുതൽ ബന്ധുക്കളെ ഇനി സന്ദർശക വിസയിൽ കൊണ്ടുവരാന്‍ അനുമതി

Follow Us:
Download App:
  • android
  • ios