ഹൈസ്‍കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വിസ താത്കാലികമായി മൂന്ന് മാസം വരെ പുതുക്കി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ (Expats above 60 years of age) പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്ത സാഹചര്യത്തില്‍ താത്കാലികമായി വിസാ കാലാവധി നീട്ടി (Temperoray extension) നല്‍കിയേക്കും. ഇത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ (MInistry of Interior) പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈസ്‍കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കാത്തതിനാല്‍ നിലവില്‍ ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് വിസ പുതുക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിസാ കാലാവധി താത്കാലികമായി പുതുക്കി നല്‍കാനുള്ള തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നാണ് സൂചന. മാനുഷിക പരിഗണ മുന്‍നിര്‍ത്തി ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവിലേക്ക് വിസാ കാലാവധി ഇങ്ങനെ ദീര്‍ഘിപ്പിച്ച് നല്‍കിയേക്കും. അതേസമയം താത്കാലിക വിസയിലുള്ളവര്‍ രാജ്യം വിട്ട് പോകരുതെന്നും അങ്ങനെ ചെയ്‍താല്‍‌ അത് വിസ റദ്ദാവുന്നതിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ രാജ്യത്തു നിന്ന് പുറത്തുപോകുന്നവര്‍ക്ക് പിന്നീട് അതേ വിസയില്‍ തിരികെ വരാന്‍ സാധിച്ചേക്കില്ല.