കുവൈത്തിലേക്ക് എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ദേശീയ ദിനത്തിനോടനുബന്ധിച്ച അവധി ദിവസങ്ങളിൽ 2,25,500 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ ഈ ദിവസങ്ങളിൽ കുവൈത്തിലേക്ക് എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ്.
ഫെബ്രുവരി 25 മുതൽ മാർച്ച് ഒന്നാം തീയ്യതി വരെ സർവീസ് നടത്തുന്ന 1,691 വിമാനങ്ങളിൽ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം 2,25,500 ആണ്. ഇതിൽ 849 ഫ്ലൈറ്റുകളിൽ ഈ കാലയളവിൽ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഏകദേശം 113,300 ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതേ കാലയളവിഷ 842 വിമാനങ്ങളിലായി ഏകദേശം 1,12,200 യാത്രക്കാർ കുവൈത്ത് സിറ്റിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നീ നഗരങ്ങളിലേക്കാണ് വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുക. ഒന്നാം ടെർമിനിലിൽ 727 വിമാനങ്ങളിലായി 90,200 യാത്രക്കാരെയും നാലാം ടെർമിനലിൽ 406 വിമാനങ്ങളിലായി 65,300 യാത്രക്കാരെയും സ്വീകരിക്കും. അഞ്ചാം ടെർമിനലിൽ 558 വിമാനങ്ങളിലായി 69,900 യാത്രക്കാരെയും കൈകാര്യം ചെയ്യുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
