ഇന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യേകമായ ആഘോഷ പരിപാടികൾ അരങ്ങേറും.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തെ ഓർമപ്പെടുത്തിക്കൊണ്ട് ഇന്നും നാളെയുമായി 64ാമത് ദേശീയ ദിനവും 34ാമത് വിമോചന ദിനവും ആഘോഷിക്കും. പൗരന്മാരും മലയാളികളുൾപ്പടെയുള്ള പ്രവാസി സമൂഹവും കുവൈത്തിന്റെ ആഘോഷങ്ങളിൽ പങ്കാളികളാകും. ഈ മാസം രണ്ടിന് ബയാൻ പാലസിൽ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോ​ഗികമായി തുടക്കം കുറിച്ചിരുന്നു.

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യേകമായ ആഘോഷ പരിപാടികൾ അരങ്ങേറും. തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകകളുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കൃതമായിട്ടുണ്ട്. രാജ്യത്തുടനീളം വിവിധ വലുപ്പത്തിലുള്ള 2,000ത്തോളം കുവൈത്ത് പതാകകളാണ് ഉയർത്തിയിട്ടുള്ളത്.`അഭിമാനവും അന്തസ്സും' എന്ന മുദ്രാവാക്യത്തിന് കീഴിൽ 138 മൊബൈൽ പരസ്യങ്ങളും ഇൻസ്റ്റാൾ ചെയ്തു. ജഹ്‌റ ഗവർണറേറ്റിലെ റെഡ് പാലസിൽ നിരവധി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ അമിരി എയർപോർട്ട് മുതൽ ബയാൻ പാലസ് വരെയുള്ള പാലങ്ങളിലും മറ്റുമായി 490 കൊടിമരങ്ങളുണ്ട്. വാഹനങ്ങൾ പോലും അലങ്കൃതമാണ്. 

ബ്രിട്ടീഷ് കോളനി ഭരണത്തിൽ നിന്നും കുവൈത്ത് സ്വതന്ത്രമാകുന്നത് 1961 ജൂൺ 19നാണ്. ഈ ദിനത്തിലായിരുന്നു രാജ്യം 1964 വരെ സ്വാതന്ത്ര്യ ദിനം ആ​ഘോഷിച്ചിരുന്നത്. പിന്നീട് ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന അമീർ ശൈഖ് അബ്ദുള്ള അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്നത് ഫെബ്രുവരി 25നായിരുന്നു. ഈ സ്മരണയിലാണ് ദേശീയ ദിനാഘോഷങ്ങൾ ഫെബ്രുവരി 25ലേക്ക് മാറ്റിയത്. ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിതമായതിന്റെ ഓർമ പുതുക്കിയാണ് ഫെബ്രുവരി 26 വിമോചന ദിനമായി ആഘോഷിക്കുന്നത്.

read more: ഒമാനിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രവാസി വീട്ടുജോലിക്കാരി പിടിയിലായി

ഇന്ന് സമാധാനത്തിന്റെയും മാനവികതയുടെയും വികസന കുതിപ്പിന്റെയും പാതയിലാണ് കുവൈത്ത് എന്ന ചെറുരാജ്യം. ഇവിടേക്ക് 1960 മുതൽ തന്നെ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ചേക്കേറാൻ തുടങ്ങിയിരുന്നു എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെയും ആഴത്തിലുള്ള ബഹുമാനത്തിന്റെയും അടയാളപ്പെടുത്തലാണ് ഇത്. പ്രവാസി സമൂഹത്തോടുള്ള കുവൈത്ത് ഭരണാധികാരികളുടെ കരുതലും പല സാഹചര്യങ്ങളിൽ വ്യക്തമായതാണ്. അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ ഇന്ന് മലയാളികളുൾപ്പടെയുള്ള വലിയ പ്രവാസി സമൂഹവും പങ്കുചേരും. ഇനിയുമുള്ള നല്ല നാളെകൾക്കായി സ്വപ്നം കാണുകയും അത് യാഥാർത്ഥ്യമാക്കുന്നതിൽ ഒത്തുചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.