കുവൈത്തിൽ ഫാൽക്കൺ പക്ഷികളുടെ രജിസ്ട്രേഷനിൽ വൻ വർധനവ് രേഖപ്പെടുത്തി. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി 140 ദിവസത്തിനുള്ളിൽ 592 ഇടപാടുകൾ പൂർത്തിയാക്കി. ഇതിൽ 336 പുതിയ പാസ്‌പോർട്ടുകൾ അനുവദിച്ചതും 186 എണ്ണം പുതുക്കിയതും ഉൾപ്പെടുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായ ഫാൽക്കൺ പക്ഷികളുടെ രജിസ്ട്രേഷനിലും പാസ്‌പോർട്ട് നടപടികളിലും വൻ വർധനവ്. 2025 ഓഗസ്റ്റ് മുതൽ 2026 ജനുവരി 19 വരെയുള്ള ഏകദേശം 140 ദിവസത്തിനുള്ളിൽ 592 ഫാൽക്കൺ സംബന്ധമായ ഇടപാടുകൾ പൂർത്തിയാക്കിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം ആണ് കണക്കുകൾ പുറത്തുവിട്ടത്.

336 ഫാൽക്കണുകൾക്ക് പുതുതായി പാസ്‌പോർട്ട് അനുവദിച്ചു. കാലാവധി കഴിഞ്ഞ 186 പാസ്‌പോർട്ടുകൾ പുതുക്കി നൽകി. പാസ്‌പോർട്ട് നഷ്ടപ്പെട്ട 14 പേർക്ക് പകരം രേഖകൾ നൽകി. 48 ഫാൽക്കണുകളുടെ ഉടമസ്ഥാവകാശം പുതിയ ആളുകളിലേക്ക് മാറ്റി നൽകി. ഫാൽക്കൺ പാസ്‌പോർട്ട് ലഭിക്കാൻ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ ഹാജരാക്കേണ്ട രേഖകൾ 

CITES സർട്ടിഫിക്കറ്റ്: വംശനാശഭീഷണി നേരിടുന്ന ജീവികളുടെ രാജ്യാന്തര വ്യാപാര കരാർ പ്രകാരമുള്ള എക്സ്പോർട്ട്/റീ-എക്സ്പോർട്ട് സർട്ടിഫിക്കറ്റ്.

മൈക്രോചിപ്പ് രേഖകൾ: വെറ്ററിനറി ആശുപത്രിയിൽ നിന്ന് പക്ഷിയുടെ ശരീരത്തിൽ മൈക്രോചിപ്പ് ഘടിപ്പിച്ചതിന്റെ ഔദ്യോഗിക രേഖ.

ഉടമസ്ഥാവകാശ രേഖ: പക്ഷി സ്വന്തമാണെന്ന് തെളിയിക്കുന്ന രേഖകൾ പ പവർ ഓഫ് അറ്റോർണി.

നേരിട്ടുള്ള ഹാജരാക്കൽ: പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാൻ പക്ഷിയെ അതോറിറ്റിക്ക് മുന്നിൽ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. കുവൈത്തിലെ ഫാൽക്കൺ ഉടമകൾക്ക് വിദേശ രാജ്യങ്ങളിലേക്ക് പക്ഷികളുമായി യാത്ര ചെയ്യുന്നതിനും അവയെ നിയമപരമായി കൈവശം വെക്കുന്നതിനും ഈ പാസ്‌പോർട്ടുകൾ അത്യന്താപേക്ഷിതമാണ്.