തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കൂടാതെ രാജ്യത്ത് വരണ്ടതും ചൂടേറിയതുമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കൂടും.കൂടാതെ ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിച്ച് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി 1000 മീറ്ററിൽ താഴെയാക്കാൻ ഇടയാക്കും.

ഈ ദിവസങ്ങളിൽ പരമാവധി താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞ താപനില 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ സാന്നിധ്യവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം.