കുവൈത്തില്‍ ഏവിയേഷൻ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച ദേശീയ സമിതി യോഗം ചേര്‍ന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏവിയേഷൻ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച ദേശീയ സമിതി ഇന്നലെ ഒരു അസാധാരണ യോഗം ചേർന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ചെയർമാൻ ശൈഖ് ഹമൂദ് അൽ മുബാറക്കിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏവിയേഷൻ സുരക്ഷാ, സൗകര്യ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജനറൽ സ്റ്റാഫ്, ആഭ്യന്തര മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, കുവൈത്ത് ഫയർ ഫോഴ്സ്, ആരോഗ്യ, നീതിന്യായ, വിദേശകാര്യ മന്ത്രാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ ആവശ്യകതകൾക്ക് അനുസൃതമായി സ്വീകരിച്ച നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ, യാത്രക്കാരുടെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെയും എയർലൈനുകളുടെയും സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. കുവൈത്തിലെ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ടതും പ്രാധാന്യമുള്ളതുമായ അന്താരാഷ്ട്ര ആവശ്യകതകളെക്കുറിച്ച് സമിതി നിർദ്ദേശങ്ങളും ശുപാർശകളും പുറപ്പെടുവിച്ചു. പ്രത്യേകിച്ചും മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, അംഗീകരിച്ച ശുപാർശകളും നടപടിക്രമങ്ങളും വിട്ടുവീഴ്ചയില്ലാതെയും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണത്തോടെയും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർദ്ദേശങ്ങളും നൽകി.