കുവൈത്തിന്റെ 64-ാമത് ദേശീയ ദിനാഘോഷമാണിത്. 

കുവൈത്ത് സിറ്റി: കുവൈതതിന്‍റെ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. അമീർ ഹിസ് ഹൈനസ് ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ സാന്നിധ്യത്തിൽ, ഇന്ന് രാവിലെ ബയാൻ പാലസിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. ചടങ്ങിൽ കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്‌ദുല്ല, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റ്, അപ്പീലറ്റ് കോടതി മേധാവി ഡോ. ആദിൽ മാജിദ് ബോർഷലി, മറ്റ് പ്രമുഖരും പങ്കെടുത്തു. കുവൈത്തിന്റെ 64-ാമത് ദേശീയ ദിനാഘോഷത്തിന്റെയും വിമോചന ദിനത്തിൻ്റെ 34-ാം വാർഷികത്തിന്റെയും ചടങ്ങുകൾക്ക് ഇതോടെ ഔദ്യോഗികമായി ആരംഭം കുറിക്കും.

കുവൈത്തിൻ്റെ ചരിത്ര നാഴികക്കല്ലുകളും അതിൻ്റെ നേതൃത്വത്തിൽ കൈവരിച്ച നേട്ടങ്ങളും അനുസ്മരിക്കുന്ന ദേശീയ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കമാണ് പതാക ഉയർത്തൽ ചടങ്ങ്. അമീറിന്റെ വാഹന വ്യൂഹം ബയാൻ പാലസിൽ എത്തിയപ്പോൾ ആചാരമായി 21 തവണ പീരങ്കി വെടിയുതിർത്തു. കുവൈത്ത് സൈന്യം, പോലീസ്, നാഷണൽ ഗാർഡ് എന്നിവരുടെ അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അമീർ രാഷ്ട്രത്തിന്റെ ഔദ്യോഗിക പതാക ഉയർത്തി, ദേശീയ ഗാനം ആലപിച്ചു.

ഈ വർഷത്തെ ആഘോഷങ്ങൾ 2025 ലെ അറബ് സാംസ്കാരിക തലസ്ഥാനമായും അതേ വർഷം അറബ് മാധ്യമങ്ങളുടെ തലസ്ഥാനമായും കുവൈത്തിനെ പ്രഖ്യാപിക്കുന്നതിനോട് ചേർന്നാണ് എത്തിയിട്ടുള്ളത്. അറബ് രാഷ്ട്രങ്ങൾ തമ്മിലുള്ള സാംസ്കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സംസ്കാരം, മാധ്യമങ്ങൾ, കലകൾ എന്നിവയിലെ കുവൈത്തിന്റെ പുരോഗതിയെ ശ്രദ്ധിക്കുന്നതിനുള്ള അവസരമാണ് ഈ നേട്ടങ്ങൾ നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം